ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തോൽവി, പരാഗ്വേയാണ് 2-1 ന് ലോക ചാമ്പ്യന്മാരെ തോൽപിച്ചത്. മത്സരത്തിൻ്റെ 11ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻ്റെ പാസ്സിൽ നിന്നും ലൗട്ടാരോ മാർട്ടിനസ് അർജൻ്റീനയെ മുമ്പിലെത്തിച്ചു. എന്നാൽ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷെ വി എ ആറിലെ പരിശോധയിൽ മാർട്ടിനസ് ഓഫ്‌സൈഡ് അല്ലായെന്നു തെളിഞ്ഞതോടെ ഗോൾ അനുവദിക്കപ്പെട്ടു, 1-0 ൻ്റെ ലീഡും.
എന്നാൽ ആ ലീഡിന് 8 മിനിറ്റിൻ്റെ ആയുസ്സു മാത്രമാണുണ്ടായിരുന്നത്. ഗുസ്താവോ വെലാസ്ക്വെസ് നൽകിയ ക്രോസ്സ് അൻ്റോണിയോ സനാബ്രിയ മനോഹരമായ ബൈ സൈക്കിൾ കിക്കിലൂടെ ഗോളി എമിലിയാനോ മാർട്ടിനെസിനെ പരാജയപ്പെടുത്തി ഗോളിലെത്തി, പരാഗ്വേയ്ക്ക് സമനില. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇൻ്റർ മിയാമിയിൽ മെസ്സിയുടെ ടീംമേറ്റായ പരാഗ്വേ മിഡ്ഫീൽഡർ ഡീഗോ ഗോമസ് നൽകിയ ക്രോസ് ഒമർ ആൽഡെറെറ്റ് വലയിലെത്തിച്ചു, പരാഗ്വേ വിജയ ഗോളും നേടി.
മൽസരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്കലോണിയുടെ അർജൻ്റീന പരാജയപ്പെട്ടു, മെസ്സി പതിവ് ഫോമിൽ എത്താത്തതും അർജൻ്റീനയുടെ പരാജയത്തിന് കാരണമായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, പോയിൻ്റ് നിലയിൽ അർജൻ്റീന ഇപ്പോഴും ഒന്നാമതായി തുടരുന്നു. ആദ്യ ആറു സ്ഥാനക്കാർക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. ഈ വിജയത്തോടെ പരാഗ്വേ ആറാം സ്ഥാനത്തേക്കുയർന്നു.