കിങ്സ്മീഡിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. സെഞ്ച്വറി നേടിയ കേരളത്തിൻ്റെ സ്വന്തം സഞ്ജു സാംസനാണ് വിജയശിൽപി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൻ്റെ ആദ്യ പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടപ്പെട്ടു. ശേഷം എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവും സൗത്ത് ആഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് പിന്നെ കണ്ടത്. സഞ്ജുവായിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരുംചേർന്നു 66 റൺസിൻ്റെ കൂട്ടുകെട്ടാണ് നേടിയത്. ഒൻപതാം ഓവറിൻ്റെ അവസാന പന്തിൽ ക്യാപ്റ്റൻ മടങ്ങി. പിന്നാലെയെത്തിയ തിലക് വർമ്മ പുറത്തായ ക്യാപ്റ്റൻ സൂര്യയെക്കാൾ ആക്രമിച്ചു സ്കോർ ഉയർത്തി. സഞ്ജുവും തിലക് വർമ്മയും 77 റൺസ് കൂട്ടുകെട്ട് നേടി. ഇന്ത്യൻ സ്കോർ 175 റൺസിൽ നിൽക്കെ സഞ്ജു 107 റൺസോടെ പുറത്തായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സഞ്ജു പുറത്തായശേഷം ശേഷിച്ച 26 ബോളിൽ ഇന്ത്യയ്ക്ക് കേവലം 27 റൺസ് മാത്രമാണ് നേടാനായത്. നിശ്ചിത 20 ഓവറിൽ ഇന്ത്യ 202/8 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ഓവറിൽതന്നെ അവരുടെ ക്യാപ്റ്റനും ഓപ്പണറുമായ മാക്രത്തെ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ സൗത്ത് ആഫ്രിക്കൻ ബാറ്സ്മാന്മാരെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഒടുവിൽ 17.5 ഓവറിൽ 141 റൺസിന് അവർ ഓൾ ഔട്ടായി, ഇന്ത്യയ്ക്ക് 61 റൺസിൻ്റെ കൂറ്റൻ വിജയവും. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർമാരായ രവി ബിഷ്ണോയും, വരുൺ ചക്രവർത്തിയും മൂന്നു വിക്കറ്റുകൾ വീതവും ആവേശ് ഖാൻ രണ്ടും, ആർഷദീപ് ഒരു വിക്കറ്റും നേടി. 25 റൺസെടുത്ത ക്ളാസനാണ് സൗത്ത് ആഫ്രിക്കയുടെ ടോപ്പ് സ്കോറർ.
സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച സഞ്ജു സാംസൺ തന്നെയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. സഞ്ജു ടി20 ഇൽ നേടുന്ന തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ചരിത്രത്തിൽ ആദ്യമായാണ് ടി20 ഇൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്നത്. ഇന്ത്യൻ താരങ്ങളിൽ തുടർച്ചയായി രണ്ട് സെഞ്ച്വറിആദ്യ കളിക്കാരനും സഞ്ജു തന്നെ. സഞ്ജുവിനെ കൂടാതെ മത്സരത്തിൽ തിലക് വർമ്മ മാത്രമാണ് 30 റൺസ് കടന്നത്. ഇതോടെ കുറച്ചു കാലത്തേക്കെങ്കിലും സഞ്ജുവിന് ടീമിൽ സ്ഥാനം ലഭിക്കുമെന്നുറപ്പായി.