ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ വിജയം. നാട്ടിൽ നടന്ന പരമ്പരയിൽ, ന്യൂസിലാൻഡിനോടേറ്റ 3-0 തോൽവിയുടെ ക്ഷീണം മാറ്റി ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ നേടിയത്. മുന്നിൽനിന്ന് നയിച്ച, ബൗളിങ്ങിന്റെ കുന്തമുനയായ, ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിച്ച, താത്കാലിക ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് മാൻ ഓഫ് ദി മാച്ച്.

ആദ്യ ഇന്നിങ്സിൽ ഇരു ടീമുകളും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ, ഇന്ത്യ നേടിയ 46 റൺസിന്റെ ലീഡ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. രണ്ടാം ഇന്നിങ്സിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്ത ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച സ്കോറിലേക്കുള്ള അടിത്തറ പാകി. ഓപ്പണർ ജയ്‌സ്വാൾ സെഞ്ച്വറി നേടിയപ്പോൾ, മറ്റൊരു ഓപ്പണറായ കെ എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി. സൂപ്പർ താരം വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യയുടെ ലീഡ് 500 കടന്നു. ഒടുവിൽ കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയ ഉടനെ ഓസ്‌ട്രേലിയയ്ക്ക് മുൻപിൽ 534 എന്ന ഏറെക്കുറെ അസാധ്യമായ ലക്‌ഷ്യം നൽകി ക്യാപ്റ്റൻ ബുമ്ര ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

ആദ്യ ഇന്നിങ്സിൽ നിർത്തിയിടത്ത്നിന്നു ബുമ്ര തുടങ്ങിയപ്പോൾ ഓസ്‌ട്രേലിയൻ വിക്കറ്റുകൾ കടപുഴകി. മൂന്നാം ദിവസം 13/3 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് അവസാനിപ്പിച്ചത്. അപ്പോൾ തന്നെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സ്മിത്ത്, ഹെഡ് മുതലായ താരങ്ങൾ ബാറ്റ് ചെയ്യാൻ ബാക്കി ഉണ്ടെന്നത് ഇന്ത്യൻ ആരാധകരെ അലട്ടിയിരുന്നു. എന്നാൽ നാലാം ദിനം തുടങ്ങിയപ്പോൾ ഓസ്ട്രേലിയ എത്രനേരം പിടിച്ചു നിൽക്കും എന്ന് മാത്രമേ അറിയേണ്ടിയിരുന്നുള്ളു.

238 റൺസിന്‌ ഓസ്ട്രലിയൻ നിരയെ ഇന്ത്യൻ ബൗളർമാർ കൂടാരം കയറ്റി. 89 റൺസെടുത്ത ട്രാവിസ് ഹെഡും, 47 റൺസെടുത്ത മാർഷും, 36 റൺസെടുത്ത അലക്സ് ക്യാരിയും മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ പിടിച്ചു നിന്നത്. രണ്ടാം ടെസ്റ്റ് ഡിസംബർ ആറിന് അഡലൈഡിൽ ആരംഭിക്കും. തിരിച്ചെത്തുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയാകും ഇന്ത്യയെ നയിക്കുക. രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റാണ്.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…