ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 180 റൺസിന് ഓൾ ഔട്ട് ആക്കിയ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്കു തുടക്കത്തിൽ തന്നെ ഓപ്പണർ മക് സ്വീനിയെ നഷ്ടപ്പെട്ടു. പിന്നാലെയെത്തിയ സ്മിത്ത് കേവലം രണ്ട് റൺസെടുത്തു പുറത്തായി. ഇരു വിക്കറ്റും ബുമ്രയാണ് സ്വന്തമാക്കിയത്.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഹെഡും ലാബുഷൈനും സ്കോറിങ് വേഗത കൂട്ടി മത്സരം പതുക്കെ ഓസ്‌ട്രേലിയയുടെ വരുതിയിലാക്കി. അർദ്ധ സെഞ്ച്വറി നേടിയ ലാബുഷൈനെ നിതീഷ് കുമാർ പുറത്താക്കി, ലാബുഷൈൻ 64 റൺസ് നേടി. ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി. 140 റൺസെടുത്ത ഹെഡാണ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയ 337 റൺസിന് ഓൾ ഔട്ട് ആയി, 157 റൺസ് ലീഡ്. ഇന്ത്യയ്ക്ക് വേണ്ടി ബുംറയും സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഡേ നൈറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടേറിയ അവസാന സെഷനിലാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടത് എന്നത് ഇന്ത്യയെ കുഴക്കുന്നുണ്ട്.
രണ്ടാം ദിനം തുടക്കത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതൊഴിച്ചാൽ ഒന്നാം ദിനം പോലെ രണ്ടാം ദിനവും ഓസ്‌ട്രേലിയൻ ആധിപത്യമാണ് കാണാൻ സാധിക്കുന്നത്. ബുംറ ഒഴികെയുള്ള ബൗളർമാർ ഈ ടെസ്റ്റിൽ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്തുയരാത്തത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.