ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പരയ്ക്കു ഈ വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റിൽ നയിക്കുക. രോഹിത്ത് ശർമ്മയുടെ ഒഴിവിൽ കെ എൽ രാഹുലായിരിക്കും ജയ്സ്വാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിദേശ പിച്ചുകളിൽ ഇന്ത്യയ്ക്കുവേണ്ടി ഓപ്പൺ ചെയ്തിട്ടുള്ള രാഹുലിൻ്റെ പരിചയം ഇവിടെ മുതൽക്കൂട്ടാകും എന്നാണ് ടീമിൻ്റെ പ്രതീക്ഷ. ഗില്ലിനെ ഓപ്പണറാക്കാൻ പ്ലാൻ ചെയ്തെങ്കിലും, പരിശീലനത്തിനിടയിൽ പരിക്കേറ്റ ഗിൽ ഒന്നാം ടെസ്റ്റ് കളിക്കില്ലെന്നു ഉറപ്പിച്ചു. ടീമിലെ മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണറായ അഭിമന്യു ഈശ്വർ പരിശീലന മത്സരങ്ങളിൽ നിറം മങ്ങിയതും, ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ബുദ്ധിമുട്ടിയതും രാഹുലിന് കാര്യങ്ങൾ എളുപ്പമാക്കി എന്നുവേണം കരുതാൻ.
ഗില്ലിൻ്റെ ഒഴിവിൽ ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യത. രോഹിത്ത് ശർമ്മ ആദ്യ ടെസ്റ്റിൽ ഉണ്ടാകില്ല എന്ന സൂചന നേരത്തെ ഉണ്ടായിരുന്നെങ്കിലും, ഗില്ലിൻ്റെ പരിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതിനാൽ തന്നെ ഗില്ലിനു പകരക്കാരനെ ടീം കണ്ടെത്തിയിരുന്നില്ല. അതിനാലാണ് ഇന്ത്യ എ ടൂറിനു വന്ന പടിക്കലിനോട് സീനിയർ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടത്. ഇന്ത്യ എയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് പടിക്കലിന് നറുക്കു വീഴാൻ കാരണം.
ബാറ്റിംഗ് പൊസിഷനിൽ വിരാട് കോഹ്ലി നാലാമതും ഋഷഭ് പന്ത് അഞ്ചാം സ്ഥാനത്തും തുടരും. ആറാം സ്ഥാനത്ത് ആര് എന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത ചോദ്യം. സർഫ്രാസ് ഖാനും ധ്രുവ് ജുറലുമാണ് ആറാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. അതിൽ ജുറലിനാണ് കൂടുതൽ സാധ്യത. സർഫ്രാസ് ഖാനേക്കാൾ ഫാസ്റ്റ് ബൗളർമാരെ നന്നായി നേരിടുന്നതാണ് ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്ന പെർത്തിൽ ജുറലിനുള്ള അനുകൂല ഘടകം.
ബാറ്റിംഗ് നിരയുടെ ശക്തി കൂട്ടാൻ ഓൾ റൗണ്ടറായ നിതീഷ് കുമാറിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഇന്ത്യയുടെ ബൗളിംഗ് കോച്ചായ മോർനെ മോർക്കൽ നിതീഷിനൊപ്പം കൂടുതൽ സമയം ചിലവഴിച്ചത് നിതീഷിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതിൻെറ ഭാഗമായാണെന്നാണ് വിലയിരുത്തുന്നത്. ഇതിനു മുൻപ് നടന്ന വിദേശ പര്യടനങ്ങളിൽ ശർഥുൽ താക്കൂർ വഹിച്ച റോളാണ് ഇന്ത്യ നിതീഷിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ഏക സ്പിന്നറായി അശ്വിൻ കളിക്കാനാണ് സാധ്യത. ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിൽ മൂന്ന് ഇടം കൈയ്യന്മാർ ഉള്ളതും അശ്വിനെ കളിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഫാസ്റ്റ് ബൗളർമാരായി ജസ്പ്രീത് ബുംറയ്ക്കൊപ്പം ആരൊക്കെയെന്ന് ഇനിയും വ്യക്തമല്ല. പുതുമുഖം ഹർഷത് റാണയെ കളിപ്പിക്കാനും ടീമിന് പ്ലാനുണ്ട്. എന്നാൽ അതിനു പകരം ആരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നത് ഇന്ത്യയ്ക്ക് തലവേദനയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ ടൂറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജിനെയോ, ആകാശ് ദീപിനെയോ ഒഴിവാക്കിയേ ഹർഷതിനെ കളിപ്പിക്കാനാകൂ. അത്യാവശ്യം ബാറ്റ് ചെയ്യുമെന്നതും ഹര്ഷത്തിൻ്റെ സാധ്യത വർധിപ്പിക്കുന്നു.
വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യ രണ്ടിലേറെ പുതുമുഖങ്ങളുമായിട്ടായിരിക്കും പെർത്തിൽ ആദ്യ ടെസ്റ്റിനിറങ്ങുക.