കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ പുറത്താക്കുമെന്നാണ് ലിവർപൂൾ ആരാധകർ പാടിയത്. അത് കേട്ട പെപ്പ് കൈ കൊണ്ട് ആറ് എന്ന സംഖ്യ കാണിച്ചു. ഇതുവരെ പെപ്പ് സിറ്റിക്കൊപ്പം നേടിയ ആറ് ചാമ്പ്യൻഷിപ്പ് ഉദ്ദേശിച്ചാണ് പെപ്പ് അത് കാണിച്ചതെന്നു സിറ്റി ആരാധകരും, അതല്ല ഇത് വരെ വിജയമറിയാതെ പൂർത്തിയാക്കിയ ആറ് മത്സരങ്ങളെ ഉദ്ദേശിച്ചാണ് അങ്ങനെ കാണിച്ചതെന്നു സിറ്റി വിരോധികളും ആരോപിച്ചു.
എന്ത് തന്നെ ആയാലും സിറ്റിക്കും പെപ്പിനും കാര്യങ്ങൾ അത്ര ശുഭകരമല്ല. വിജയമറിയാതെ തുടർച്ചയായി ഏഴ് മത്സരങ്ങളാണ് ഇതുവരെ സിറ്റി പൂർത്തിയാക്കിയത്. അതിൽ ആറു പരാജയങ്ങളും, ഒരു സമനിലയും ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചവരെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്ന സിറ്റി ലിവർപൂളിനോടേറ്റ ഒറ്റ തോൽവിയോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സ്ഥിതി തുടർന്നാൽ സിറ്റി പെപ്പിനെ പുറത്താക്കുന്നത് വരെ കാര്യങ്ങൾ എത്തിക്കുമെന്ന് പലരും വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചാൽ കരിയറിൽ പെപ്പിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ നാണക്കേടാകുമത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നോട്ടിംഗ്ഹാം ഫോറസ്സ്റ്റുമായാണ് സിറ്റിയുടെ അടുത്ത മത്സരം.