ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട് സൗത്ത് ആഫ്രിക്കൻ പര്യയടനത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ടെസ്റ്റിൽ നാണക്കേടിൻ്റെ റെക്കോർഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് ഓൾ ഔട്ടായിയാണ് ശ്രീലങ്ക നാണക്കേടിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ശ്രീലങ്ക സൗത്ത് ആഫ്രിക്കയെ 191 എന്ന ചെറിയ സ്കോറിൽ ഒതുക്കി. സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബവുമ മാത്രമാണ് ആഫ്രിക്കൻ നിരയിൽ പിടിച്ചുനിന്നത്. ബവുമ 70 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി അഷിത ഫെർണാണ്ടോയും ലഹിരു കുമാരയും മൂന്ന് വിക്കറ്റ് വീതവും, വിശ്വാ ഫെർണാണ്ടോയും, പ്രഭാത് ജയസൂര്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ചെറിയ സ്കോറിന് സൗത്ത് ആഫ്രിക്കയെ പുറത്താക്കി, ലീഡ് സ്വപ്നം കണ്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഏഴ് റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാർ ഇരുവരെയും നഷ്ടമായി. പിന്നീടങ്ങോട്ട് ശ്രീലങ്കയെ ഒന്ന് നിലയുറപ്പിക്കാൻ പോലും സൗത്ത് ആഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. കേവലം 13.5 ഓവറിൽ 42 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി പേസർ മാർക്കോ ജാൻസൻ 7 വിക്കറ്റ് നേടി. ജെറാൾഡ് കോട്ട്‌സി രണ്ടും, റബാഡ ഒരു വിക്കറ്റും വീഴ്ത്തി. ശ്രീലങ്കൻ നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 13 റൺസ് നേടിയ കമിണ്ടു മെൻഡിസാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ സൗത്ത് ആഫ്രിക്ക 132/3 എന്ന നിലയിലാണ്. ഇതുവരെ സൗത്ത് ആഫ്രിക്കയ്‌ക്ക് 281 റൺസ് ലീഡായി.