ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബൗൺമൗത്തിനോടേറ്റ പരാജയത്തിന് പിന്നാലെ മറ്റൊരു വമ്പൻ തോൽവികൂടി മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങി. പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ്ങാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റയെ 4-1 എന്ന വമ്പൻ സ്കോറിന് പരാജയപ്പെടുത്തിയത്.
കളിയുടെ നാലാം മിനിറ്റിൽ ഡിഫെൻസ് പിഴവ് മുതലെടുത്ത് ഫിൽ ഫോഡിൻ സിറ്റിയെ മുന്നിലെത്തിച്ചു. പിന്നീട് തുടർച്ചയായി ആക്രമിച്ച സിറ്റി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും, 38ാം മിനിറ്റിൽ സ്പോർട്ടിങ് യോക്കെരസ്സിലൂടെ സമനില ഗോൾ കണ്ടത്തി. പിന്നീട് കളി സിറ്റിയുടെ കയ്യിൽനിന്നു വഴുതി മാറുന്നതാണ് കണ്ടത്. 1-1 എന്ന നിലയിൽ ഒന്നാം പകുതി അവസാനിച്ചെങ്കിലും, മറ്റൊരു സ്പോർട്ടിങ്ങിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്.
രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി സ്പോർട്ടിങ് മുന്നിലെത്തി. മൂന്ന് മിനിട്ടിനു ശേഷം ലഭിച്ച പെനാൽറ്റി ഗോളിൽ എത്തിച്ചു സ്പോർട്ടിങ് ലീഡ് 3-1 ആക്കി ഉയർത്തി. ഇതിനിടയിൽ സിറ്റിക്ക് ലഭിച്ച ഒരു പെനാൽറ്റി സൂപ്പർ താരം ഹാലൻഡ് പാഴാക്കി. ഹാലൻഡ് എടുത്ത പെനാൽറ്റി ക്രോസ്സ് ബാറിൽ ഇടിച്ചു മടങ്ങുകയായിരുന്നു. എൺപതാം മിനിറ്റിൽ സ്പോർട്ടിങ്ങിനു ലഭിച്ച മറ്റൊരു പെനാൽറ്റി ഗോളാക്കി യൊക്കെറസ് തൻ്റെ ഹാട്രിക്കും, ടീമിൻ്റെ വിജയവും ഉറപ്പാക്കി.
മാനം മുട്ടി യൂണൈറ്റഡിൻ്റെ പ്രതീക്ഷകൾ
ജയിച്ചത് സ്പോർട്ടിങ്ങാണെങ്കിലും, പ്രതീക്ഷകൾ വാനോളമായത് സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനാണ്. യുണൈറ്റഡിൻ്റെ കോച്ചായിരുന്ന എറിക്ക് ടെൻ ഹാഗിനെ പുറത്താക്കിയ ഒഴിവിലേക്ക് ഇനി വരുന്നത് നിലവിലെ സ്പോർട്ടിങ്ങിൻ്റെ കോച്ചായ അമോറിമാണ്. മുൻ പ്രതാപം വീണ്ടെടുക്കാൻ അമോറിമിൻ്റെ വരവ് സഹായിക്കുമെന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.