ഐ പി എൽ 2025 : നേട്ടം കൊയ്യാൻ കീപ്പർമാർ

ഐ പി എൽ 2025 ലേലം വിക്കറ്റ് കീപ്പർമാർക്കു വലിയ നേട്ടമായേക്കും. ടീമുകൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക ഇന്നലെയോടെ എല്ലാ ടീമുകളും പുറത്തുവിട്ടിരുന്നു. അതിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർ മാത്രമാണ് തങ്ങളുടെ വിക്കറ്റ് കീപ്പർമാരെ നിലനിർത്തിയത്. ഇതോടെ കീപ്പർമാരുടെ ലിസ്റ്റിലുള്ള മുൻനിര വിക്കറ്റ് കീപ്പർമാരായ ജോസ് ബട്ട്ലർ, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരെ സ്വന്തമാക്കാൻ വലിയ പോരാട്ടം തന്നെയാകും ലേല വേദിയിൽ കാണാനാകുക. കീപ്പർ എന്നതിലുപരി മികവുറ്റ ബാറ്സ്മാന്മാരാണെന്നതും ഇവരുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.

മറ്റാർക്കൊക്കെ നേട്ടം ?
ഫിൽ സാൾട്ട്, റഹ്മാനുള്ള ഗുർബാസ് എന്നിവരെ സ്വന്തമാക്കാനും ടീമുകൾ മത്സരിക്കാനിടയുണ്ട്. കുറഞ്ഞ വിലയും, മുൻപ് ടീമിൽ കളിച്ചിട്ടുണ്ട് എന്ന കാരണത്താൽ ഫിൽ സാൾട്ടിനെ സ്വന്തമാക്കാൻ കൊൽക്കത്തയാകും പ്രധാനമായും മുന്നിട്ടിറങ്ങുക. ഗുർബാസിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസ് ശ്രമിച്ചേക്കും. ശുഭ്മൻ ഗില്ലുമായി നല്ല സൗഹൃദംപുലർത്തുന്നയാളാണ് ഗുർബാസ്, മാത്രമല്ല ഗുജറാത്തിൻ്റെ ശൈലിയുമായി ഒത്തുപോകുന്നയാളെന്ന നിലയിൽ ഗുർബസിനെ നേടാനാകും ഗുജറാത്തിൻ്റെ ശ്രമം.

ജോസ് ബട്ട്ലറിനു വേണ്ടി ആർ സി ബിയും ചെന്നൈ സൂപ്പർ കിങ്‌സും ?
ജോസ് ബട്ട്ലറിനു വേണ്ടി ആർ സി ബിയും ചെന്നൈ സൂപ്പർ കിങ്ങ്സുമാകും പ്രധാനമായും ഏറ്റുമുട്ടുക. ഈ സീസണിൽ വിരാട് കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തുമോയെന്നു ഇതുവരെ ഉറപ്പിക്കാത്ത ആർ സി ബിക്കു ബട്ട്ലറിനെ ലേലത്തിൽ സ്വന്തമാക്കാനായാൽ, ക്യാപ്റ്റനായി മറ്റൊരാളെ തേടേണ്ടിവരില്ല. അതേസമയം ചെന്നൈയ്ക്ക് വേണ്ടത് ധോണിക്ക് ചേർന്ന നയിക്കാൻ കഴിവുകളുള്ളലൊരാളെയാണ്. ധോണിക്ക് ശേഷം ഗെയ്ക്‌വാദിനെ സഹായിക്കാൻ കഴിയും എന്നതും ബട്ട്ലറിനു വേണ്ടി ശ്രമിക്കാൻ ചെന്നൈ സൂപ്പർ കിങ്സിനെ പ്രേരിപ്പിച്ചേക്കും.

ഋഷഭ് പന്തിനെ റാഞ്ചാൻ പഞ്ചാബ് സൂപ്പർ കിങ്‌സ് ?
ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ഇത്തവണ പഞ്ചാബ് സൂപ്പർ കിങ്‌സ് പരമാവധി ശ്രമിക്കുമെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു കാലങ്ങളായി പഞ്ചാബിൻ്റെ റഡാറിലുള്ള കളിക്കാരനാണ് പന്ത്. ഏകദേശം മുഴുവൻ തുക ബാക്കിയുണ്ടെന്നതും പന്തിനെ സ്വന്തമാക്കാൻ പഞ്ചാബിനെ സഹായിച്ചേക്കും. ഈ സീസണിൽ ലേലത്തിൽ ഏറ്റവും നേട്ടമുണ്ടാക്കാൻ സാധ്യതകൽപ്പിക്കുന്ന താരമാണ് പന്ത്.

ഇഷാൻ കിഷൻ ഗുജറാത്തിലേക്കോ ?
ഗുജറാത്തിലേക്കു പോകാൻ സാധ്യതയുള്ളൊരു താരമാണ് ഇഷാൻ കിഷൻ. കിഷനെപോലെ സ്റ്റമ്പിന് പിന്നിൽ എനർജിയുള്ളൊരു താരത്തെ ഏതു ടീമും ആഗ്രഹിക്കും. ഗുജറാത്ത് ടീമിലെ പലരുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന കിഷൻ ഗുജറാത്തിന് ചേർന്ന വിക്കറ്റ് കീപ്പർ തന്നെയാണ്.

കെ എൽ രാഹുലിന് ഡിമാൻഡ് കുറയുന്നുവോ ?
മുൻ സീസണുകളെ അപേക്ഷിച്ചു കെ എൽ രാഹുലിന് ഡിമാൻഡ് കുറയാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. കുറച്ചുകാലമായി ഫോം കണ്ടെത്താൻ വിഷമിക്കുന്നതും, സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം കളിക്കുന്ന സെൽഫിഷ് കളിക്കാരനെന്ന ടാഗും രാഹുലിന് ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. ടീമിനോട് ചേർന്ന് പദ്ധതികൾക്കനുസരിച്ചു കളിക്കുന്ന കളിക്കാർക്കായിരിക്കും ടീമുകൾ മുൻഗണന നൽകുക.

മൊത്തത്തിൽ ഈ വർഷത്തെ മെഗാ ലേലം കീപ്പർമാർക്ക് മികച്ച നേട്ടം സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരൊക്കെ ഏതൊക്കെ ടീമുകളിൽ എത്തുമെന്നറിയാൻ ലേലം കഴിയുന്നതുവരെ കാത്തിരിക്കാം.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…