ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലൈഡിൽ വെച്ച് നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്താന് ആധികാരിക വിജയം. ഒൻപത് വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം 26.3 ഓവറിൽ പാക്കിസ്ഥാൻ മറികടന്നു. നേരത്തെ ടോസ്സ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ ഓസ്‌ട്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം. 35 ഓവറിൽ, 163 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 35 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ. മത്സരത്തിൻ്റെ ഒരു ഘട്ടത്തിലും പാക്കിസ്ഥാൻ ബൗളർമാർ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുക്കുകകൂടി ചെയ്തതതോടെ ഓസ്ട്രേലിയയെ ചെറിയ സ്‌കോറിൽ ഒതുക്കാൻ കഴിഞ്ഞു. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഷഹീൻ ഷാ അഫ്രീദി മൂന്നും, നസീം ഷാ, മുഹമ്മദ് ഹസ്‌നെയിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ചെറിയ സ്കോർ പിന്തുടരുന്നതിൻ്റെ ആത്മവിശ്വാസത്തിലിറങ്ങിയ പാകിസ്താന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ സായീം ആയൂബും അബ്‌ദുള്ള ഷഫീക്കും ചേർന്ന് 137 റൺസിൻ്റെ സെഞ്ച്വറി പാർട്ണർഷിപ്പ് പടുത്തുയർത്തി. ഓപ്പണർമാർ ഇരുവരും അർദ്ധ സെഞ്ച്വറി നേടി. 82 റൺസെടുത്ത ആയൂബിനെ ആദം സാംമ്പ പുറത്താക്കി. പകരം എത്തിയ മുൻ ക്യാപ്റ്റൻ ബാബർ അസം അബ്‌ദുള്ള ഷെഫീക്കുമായി ചേർന്നു കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ പാകിസ്താനെ വിജയത്തിലെത്തിച്ചു.
അഞ്ചു വിക്കറ്റ് നേടി ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട ഹാരിസ് റൗഫ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു. ഫീൽഡിങ്ങിൽ മികവ് പുലർത്തിയിരുന്നെങ്കിൽ ഇതിലും ചെറിയ സ്കോറിന് ഓസ്‌ട്രേലിയയെ പുറത്താക്കാൻ പാകിസ്ഥാന് കഴിയുമായിരുന്നു. ഈ മത്സരത്തിൽ 6 ക്യാച്ചുകൾ എടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാൻ, ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽപേരെ പുറത്താക്കുന്നതിൽ പങ്കാളിയാകുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോർഡിന് ഉടമയായി. സാമ്പയുടെ ക്യാച്ച് വിട്ടില്ലായിരുന്നുവെങ്കിൽ ആറ് എന്നത് റിസ്‌വാന് ഏഴ് ആക്കാമായിരുന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയിലായി.മൂന്നാം ഏകദിനം വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.