ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് – ഓസ്‌ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം – സെഞ്ച്വറി നേടി ജയ്‌സ്വാളും കോഹ്‌ലിയും

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് 150 റൺസിൽ ഒതുങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 104 റൺസിന് ഒതുങ്ങി. ഇന്ത്യയ്ക്ക് 46 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡ്. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാർ വളരെ ശ്രദ്ധയോടും സാവധാനത്തിലുമാണ് സ്കോർ നീക്കിയത്. വളരെ മികച്ച രീതിയിൽ സാഹചര്യത്തിനനുസരിച്ചു ബാറ്റ് ചെയ്ത ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗിസിൽ നൽകിയത്. 201 റൺസിൻ്റെ കൂറ്റൻ ഒന്നാം വിക്കറ്റ് പാർട്ടർഷിപ്പ് 77 റൺസെടുത്ത കെ എൽ രാഹുലിനെ പുറത്താക്കി സ്റ്റാർക് തകർത്തു.

ഒന്നാം വിക്കറ്റിൽ കിട്ടിയ മികച്ച തുടക്കം പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്മാരിലും കാണാമായിരുന്നു. ഓപ്പണർ ജയ്‌സ്വാൾ ഓസ്‌ട്രേലിയയിലെ തൻ്റെ ആദ്യ സെഞ്ച്വറി നേടി. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ ജയ്‌സ്വാൾ ആ കുറവ് നികത്തിയാണ് സെഞ്ച്വറി നേടിയത്. 161 റൺസെടുത്ത ഇന്നിങ്സിൽ 15 ഫോറും മൂന്നു 3 സിക്സും ഉൾപ്പെടുന്നു.

ജയ്‌സ്വാൾ പുറത്തായ ശേഷം പെട്ടെന്ന് മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരറ്റത്തു വിരാട് കോഹ്ലി ഉറച്ചു നിന്നു.ആറാം വിക്കറ്റായി പുറത്തായ വാഷിംഗ്‌ടൺ സുന്ദറിന് ശേഷം എത്തിയ അരങ്ങേറ്റതാരം നിതീഷ് കുമാർ റെഡ്‌ഡി വെടിക്കെട്ടിന് തിരികൊളുത്തി ഇന്ത്യൻ സ്കോറിങ്ങിനു വേഗത കൂട്ടി. മൂന്നാം ദിനം അവസാനിക്കുന്നതിനു മുൻപ് ഓസ്‌ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യാൻ വിട്ടു സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്‌ഷ്യം. പതുക്കെ കോഹ്‌ലിയും സ്കോറിങ്ങിനു വേഗത കൂട്ടിയതോടെ ഓസ്‌ട്രേലിയൻ ബൗളർമാർ കണക്കിന് തല്ലുകൊണ്ടു. ഒടുവിൽ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന കോഹ്‌ലിയുടെ സെഞ്ചുറിയും എത്തി.

കോഹ്ലി സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്‌ട്രേലിയയ്ക്കു മുൻപിൽ 534 റൺസ് എന്ന കൂറ്റൻ വിജയലക്‌ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കു രണ്ടാം ഇന്നിങ്സിലെ നാലാം പന്തിൽ തന്നെ ഓപ്പണർ മക്സ്വീനിയെ നഷ്ടമായി. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ തകർത്ത ഇന്ത്യൻ ക്യാപ്റ്റൻ ബുംറ തന്നെയാണ് ആദ്യ വിക്കറ്റെടുത്തത്.

മൂന്നാം ദിനം അവസാനിക്കാൻ അധികം ഓവറുകൾ ബാക്കിയില്ലാത്തതിനാൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസ് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തി. എന്നാൽ വിക്കറ്റ് വീഴ്ച ഒഴിവാക്കാനെത്തിയ കമ്മിൻസിനെ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു സിറാജ് രണ്ടാം വിക്കറ്റ് വീഴ്ത്തി. പിന്നാലെയെത്തിയ ലാബുഷൈനെ ബുംറ പുറത്താക്കിയതോടെ 12/3 എന്ന നിലയിൽ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ഏഴ് വിക്കറ്റുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയയ്ക്കു ജയിക്കാൻ 522 റൺസ് കൂടി വേണം, എന്നാലതിനു വിദൂര സാധ്യത മാത്രമാണുള്ളത്. കാര്യങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ നടന്നാൽ, ഇന്ത്യ വിജയം നാലാം ദിനം തന്നെ പൂർത്തിയാക്കും.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…