ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ ഒരു അവസ്ഥയിലൂടെ പെപ് ഗാർഡിയോള തൻ്റെ കരിയറിൽ ഒരിക്കലും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകില്ല. എല്ലാ ടൂർണമെൻ്റുകളിലുമായി തുടർച്ചയായ അഞ്ച് തോൽവികൾ. അതിലെ അവസാന ആണിയായിരുന്നു ഇന്നലെ ടോട്ടൻഹാമുമായി സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികൾക്ക് മുൻപിൽ വഴങ്ങേണ്ടിവന്ന 4-0 എന്ന വമ്പൻ തോൽവി.
എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി ഡിഫൻഡർമാർ ടോട്ടൻഹാം മുന്നേറ്റനിരയെ പ്രതിരോധിക്കാൻ മറന്നപ്പോൾ, സിറ്റിയുടെ മുന്നേറ്റനിര കിട്ടിയ അവസരങ്ങൾ പുറത്തേക്കടിച്ചുകളയാൻ മത്സരിച്ചു. മത്സരത്തിൻ്റെ പതിമൂന്നാം മിനിറ്റിൽ ജെയിംസ് മാഡിൻസൺ സ്പർസിനെ മുന്നിലെത്തിച്ചു. വലതു വിങ്ങിൽനിന്നു കുലസെവ്സ്കിയുടെ ക്രോസ്സ് ആദ്യ മാഡിൻസൺ ടച്ചിൽ ഗോളാക്കി.
സിറ്റി ഡിഫൻഡർമാരുടെ മിസ്സ് പാസ്സിൽ നിന്നാണ് ടോട്ടൻഹാം രണ്ടാം ഗോൾ കണ്ടെത്തിയത്. ബോക്സിന് പുറത്തുവെച്ചു കിട്ടിയ ബോൾ സിറ്റിയുടെ ബോക്സിലേക്ക്. സണ്ണിൻ്റെ പാസ്സ് മാഡിൻസണ്ണിലേക്ക്, മികച്ച ഒരു ചിപ്പിലൂടെ മാഡിൻസൺ ടീമിൻ്റെയും തൻ്റെയും രണ്ടാം ഗോൾ കണ്ടെത്തി. ഇരു ടീമുകളും മാറി മാറി എതിർ പോസ്റ്റിലേക്ക് എത്തിയെങ്കിലും ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ പെഡ്രോ ടോട്ടൻഹാമിന് വേണ്ടി മൂന്നാം ഗോൾ നേടി ഇനി സിറ്റിക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നു ഏറെക്കുറെ ഉറപ്പാക്കി. ഇഞ്ചുറി ടൈമിൽ ബ്രണ്ണൻ ജോൺസൻ നാലാം ഗോൾകൂടി കണ്ടെത്തിയതോടെ സ്വന്തം കാണികൾക്കു മുൻപിൽ സിറ്റിക്ക് തലകുനിച്ചു മടക്കം. പ്രതിരോധ താരം റോഡ്രിയുടെ അഭാവം സിറ്റി ഡിഫൻസിൽ നന്നായി നിഴലിക്കുന്നുണ്ടെന്നു വ്യക്തം. ഈ തോൽവിയോടെ രണ്ടാമതുള്ള സിറ്റയുമായുള്ള അകലം ഒന്നായി കുറച്ചു മൂന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ.