ഷാർജയിൽവെച്ച് നടക്കുന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 92 റൺസ് വിജയം. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൻ്റെ ഗതി പൂർണ്ണമായും അഫ്ഗാനിസ്ഥാൻ്റെ വരുതിയിലാക്കിയത് അവരുടെ സ്പിന്നർ ഗസൻഫറാണ്.
ടോസ്സ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 71 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹസ്മത്തുള്ള ഷഹീദിയും മുഹമ്മദ് നബിയും ചേർന്ന 104 റൺസിൻ്റെ പാർട്ടണർഷിപ്പാണ് കൂടുതൽ തകർച്ചയിൽനിന്നു അവരെ കരകയറ്റിയത്. 49.4 ഓവറിൽ 235 എന്ന സ്കോറിന് അഫ്ഗാനിസ്ഥാൻ ഓൾ ഔട്ട് ആകുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുറും, ടാസ്കിൻ അഹമ്മദും നാല് വിക്കറ്റ് വീതം നേടി. 84 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനിസ്താൻ്റെ ടോപ്പ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽതന്നെ ഓപ്പണർ തൻസിദ് ഹസനെ നഷ്ടമായെങ്കിലും, പിന്നാലെ എത്തിയ ക്യാപ്റ്റൻ ഷാൻൻ്റോയും, സൗമ്യ സർക്കാരും ചേർന്ന് പാർട്ണർഷിപ്പ് പടുത്തുയർത്തി. ടീം സ്കോർ 65 ഇൽ നിൽക്കെ സൗമ്യ സർക്കാരിനെ ഒമാർസായി പുറത്താക്കി. പിന്നീടെത്തിയ മെഹ്ദി ഹസൻ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. 120 റൺസിൽ ക്യാപ്റ്റൻ ഷാൻൻ്റോയെ മുഹമ്മദ് നബി പുറത്താക്കിയതോടെ കളി മൊത്തത്തിൽ മാറി. ബംഗ്ലാ കടുകവകളുടെ ബാറ്റിംഗ് തകർച്ചയ്ക്കാണ് പിന്നീട് ഷാർജ സാക്ഷ്യംവഹിച്ചത്. 131/3 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ്, 12 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന 7 വിക്കറ്റുകൾകൂടി നഷ്ടമായി.
അഫ്ഗാനിസ്ഥാൻ സ്പിന്നർ ഗാസൻഫറാണ് ബംഗ്ലാദേശിനെ ‘കറക്കി’ വീഴ്ത്തിയത്. ഗാസൻഫർ 6 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0നു മുൻപിലെത്തി.