ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. ബോൺമൗത്താണ് നിലവിലെ ചാമ്പ്യന്മാരെ 2-1 എന്ന സ്കോറിന് തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ബോൺമൗത്ത് സിറ്റിയെ തോൽപിക്കുന്നത്.ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനമാണ് ബോൺമൗത്ത് കാഴ്ചവെച്ചത്. മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ സെമിനിയോ ബോൺമൗത്തിനെ മുന്നിലെത്തിച്ചു. പതിവിനു വിപരീതമായി മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കങ്ങൾക്ക് പതിവ് ചടുലത നഷ്ടമായിരുന്നു.
ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിൽ അടിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോൾ തന്നെ, എത്രത്തോളം പരിതാപകരമായിരുന്നു ചാമ്പ്യന്മാരെ അവസ്ഥ ഇന്ന് ഊഹിക്കാമല്ലോ.എന്നാൽ മറുഭാഗത്ത് ബോൺമൗത്ത് കൃത്യമായി ഗോളി എഡേഴ്സനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ 64ാം മിനിറ്റിൽ സിറ്റിയുടെ നെഞ്ച് തകർത്ത് ബോൺമൗത്ത് രണ്ടാം ഗോൾ നേടി.
തുടർച്ചയായി ആക്രമണം സിറ്റി അഴിച്ചുവിട്ടെങ്കിലും ഗോൾ കണ്ടെത്താൻ 82ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സിറ്റിക്ക് വേണ്ടി ഗ്വാർഡിയോളാണ് ഹെഡറിലൂടെ ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ ഹാലൻഡിന് കിട്ടിയ മികച്ച അവസരം ബോൺമൗത്ത് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും, തിരികെ ഹാലൻഡിൻ്റെ കാലുകളിലേക്ക് തന്നെ ബോൾ എത്തി, വീണ്ടും ഗോളിലേക്ക് ഹാലൻഡ് തട്ടിയിടാൻ ശ്രമിച്ച ബോൾ പോസ്റ്റിൽ തട്ടി മടങ്ങി. തോൽവിയോടെ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി ലിവർപൂൾ
ഏറെക്കുറെ സിറ്റിയുടെ പോലെ തന്നെയായിരുന്നു ലിവർപൂളിൻ്റെ തുടക്കം. സ്വന്തം ഗ്രൗണ്ടായ ആൺഫീൽഡിൽ ബ്രൈറ്റനെ നേരിട്ട ലിവർപൂളിലെ ഞെട്ടിച്ചു ബ്രൈറ്റൻ 14ാം മിനിറ്റിൽ ഗോൾ നേടി മുന്നിലെത്തി. വിലപ്പെട്ട മൂന്ന് പോയിൻ്റിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ മാത്രമകന്നു നിന്ന്. ഒടുവിൽ രണ്ടാം പകുതിയിൽ 70ാം മിനിറ്റിൽ ഗക്‌പോയിലൂടെ ലിവർപൂൾ സമനില നേടി. രണ്ട് മിനിറ്റിനകം ലിവർപൂൾ മോ സലായിലൂടെ വിജയ ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റി തോൽക്കുകക്കൂടി ചെയ്തതോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി. 25 പോയിൻ്റോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തും, 23 പോയിൻ്റോടെ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമായി.
ആഴ്സനലിനും തോൽവി
ന്യൂ കാസിലിനെ നേരിട്ട ആഴ്സനൽ 1-0ന് തോൽവി നേരിട്ടു. മൂന്നാം സ്ഥാനത്തായിരുന്നു ആഴ്സനൽ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
താൽകാലിക കോച്ചിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും. തുടർത്തോൽവികൾ കാരണം പുറത്താക്കപ്പെട്ട കോച്ച് എറിക് ടെൻ ഹാഗിനു ശേഷം താൽകാലിക കോച്ചായി സ്ഥാനമേറ്റ മുൻ യുണൈറ്റഡ് സൂപ്പർ താരം റൂഡ് വാൻ നിസ്റ്റിൽറൂയിക്ക് കീഴിലാണ് യുണൈറ്റഡ് ഇന്ന് ചെൽസിയെ നേരിടുക. നിലവിൽ 13ാം സ്ഥാനത്താണ് യുണൈറ്റഡ്. ചെൽസി ആറാം സ്ഥാനത്തും.