ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഡ്ലൈയ്ഡിൽ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് പിങ്ക് ബോൾ ടെസ്റ്റാണ് നാളെ അഡ്ലൈഡിൽ നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാകും ഇന്ത്യയെ നയിക്കുക. ഒന്നാം ടെസ്റ്റിൽ രോഹിത്തിൻ്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചിരുന്നത്. രോഹിത് ശർമ്മയെ കൂടാതെ, കഴിഞ്ഞ ടെസ്റ്റിൽ പരിക്കുമൂലം കഴിക്കാതിരുന്ന ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ തിരിച്ചെത്തും.
ആരാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന സംശയം നിലനിന്നിരുന്നെങ്കിലും, വാർത്ത സമ്മേളനത്തിൽ കഴിഞ്ഞ ടെസ്റ്റിലെ അതേ ഓപ്പണർമാർ തന്നെയാകും ഈ ടെസ്റ്റിലും ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു. യശസ്വി ജയ്സ്വാളും, കെ എൽ രാഹുലും ഓപ്പൺ ചെയ്യുമ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമ്മ മിഡൽ ഓർഡറിൽ ബാറ്റ് ചെയ്യുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
രോഹിത് ശർമ്മയും, ഗില്ലും തിരിച്ചെത്തുമ്പോൾ, കഴിഞ്ഞ ടെസ്റ്റ് കളിച്ച ദേവദത്ത് പടിക്കലും, ധ്രുവ് ജുറലും അവർക്കുവേണ്ടി വഴിമാറുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയൻ നിരയിൽ പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് പകരം പേസർ സ്കോട്ട് ബോളണ്ടായിരിക്കും കളിക്കുക.
കഴിഞ്ഞ തവണത്തെ ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ഒന്നാണ് അഡ്ലൈഡ് ടെസ്റ്റ്. ഇന്ത്യൻ ബാറ്റിംഗ് നിരയെ ഓസ്ട്രേലിയൻ ബൗളർമാർ 36 റൺസിന് എറിഞ്ഞിട്ടതിൻ്റെ നാണക്കേട് ഇപ്പോഴും ഇന്ത്യൻ താരങ്ങളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ടാകും. ഓസ്ട്രേലിയ അഡ്ലൈഡിൽ ഇതുവരെ ഒരു ഡേ നൈറ്റ് ടെസ്റ്റും പരാജയപ്പെട്ടിട്ടില്ല എന്നത് ഓസ്ട്രേലിയയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. അഡ്ലൈഡ് ടെസ്റ്റ് ജയിച്ചു പരമ്പരയിൽ 1-1 എന്ന നിലയിൽ എത്താനാകും ഓസ്ട്രേലിയ ശ്രമിക്കുക. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണുന്ന ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.
ഒരു വിക്കറ്റ് കൂടി നേടാനായാൽ ഈ വർഷം 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളർ എന്ന നേട്ടം ബുംറയ്ക്ക് സ്വന്തമാകും. അഡ്ലൈഡിൽ ഒരു സെഞ്ച്വറി നേടാനായാൽ ഈ ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിദേശ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്ലിയുടെ പേരിലാകും.