ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് അഡലൈഡിൽ തുടക്കമായി. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങൾ. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർക്ക് പകരം ക്യാപ്റ്റൻ രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിലെത്തി. ഓസ്ട്രേലിയൻ നിരയിൽ പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് പകരം പേസർ സ്കോട്ട് ബോളണ്ട് കളിക്കും.
കളിയുടെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ ജൈസ്വാളിനെ നഷ്ടമായി. സ്റ്റാർക്കിൻ്റെ പന്തിൽ ജൈസ്വാൾ വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു. ഓപ്പണർ രാഹുലും മൂന്നാമനായി എത്തിയ ഗില്ലും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ സ്റ്റാർക്ക് വീണ്ടുമെത്തി. ഇന്ത്യൻ സ്കോർ 69 ഇൽ നിൽക്കേ സ്റ്റാർക്ക് രാഹുലിനെ മക്സ്വീനിയുടെ കൈകളിൽ എത്തിച്ചു. തൊട്ടുപിന്നാലെ എത്തിയ കോഹ്ലിയെയും സ്റ്റാർക്ക് പുറത്താക്കി, രണ്ടാം സ്ലിപ്പിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്തായത്. കേവലം ഏഴ് റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാൻ സാധിച്ചത്. നാല് റൺസ് കൂടി സ്കോർബോർഡിൽ ചേർത്തപ്പോഴേക്കും നന്നായി ബാറ്റ് ചെയ്തിരുന്ന ഗിൽ ബോളണ്ടിൻ്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 81/4 എന്ന നിലയിലായിരുന്നു. കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. അവസാന നിമിഷം നിതിഷ് കുമാർ റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ 180 റൺസിൽ എത്തിച്ചത്. 42 റൺസെടുത്ത നിതിഷ് കുമാറാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക് ആറ് വിക്കറ്റ് നേടി.