ഗോളി ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ വമ്പൻ പിഴവ്മൂലം സൗഹൃദ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള മലേഷ്യയോട് ഇന്ത്യയ്ക്ക് സമനില. വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചാണ് മലേഷ്യ ആദ്യ ഗോൾ നേടിയത്.
മൈതാനത്തിൻ്റെ പകുതിയിൽ നിന്ന് ഉയർന്നുവന്ന തീർത്തും നിരുപദ്രവകാരിയായ പന്ത് കരസ്ഥമാക്കാൻ ബോക്സിനു പുറത്തേക്കു വന്ന ഗോളി സന്ധുവിന് പിഴച്ചു. ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് തലയ്ക്കു മുകളിലൂടെ ബോക്സിലേക്ക്. ഓടിയെത്തിയ മലേഷ്യൻ താരം അവസരം മുതലാക്കി ബോൾ കരസ്ഥമാക്കി ഗോളാക്കുന്നു. പത്തൊൻപതാം മിനിറ്റിൽ ഇന്ത്യ 1-0 നു പിന്നിൽ.
മുപ്പത്തിയൊൻപതാം മിനിറ്റിൽ ലഭിച്ച കോർണർ, ബ്രെൻഡൺ ഫെർണാണ്ടസ് ബോക്സിലേക്ക് ഉയർത്തി അടിക്കുന്നു. കിട്ടിയ അവസരം മുതലാക്കി ഇന്ത്യൻ താരം രാഹുൽ ഭേക്കെ ബോൾ ഹെഡ് ചെയ്തു ഗോളാക്കുന്നു, മത്സരം 1-1 നു സമനിലയിൽ ആദ്യ പകുതി അവസാനിക്കുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം 1-1 നു സമനിലയിൽ അവസാനിക്കുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125 ഇലും മലേഷ്യ 133 ഇലുമാണ്. ഈ വർഷം ഇതുവരെ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു വിജയം നേടാനായിട്ടില്ല. ഈ വർഷം കളിച്ച 11 മത്സരങ്ങളിൽ, ആറെണ്ണം തോൽക്കുകയും, 5 മത്സരങ്ങൾ സമനിലയാകുകയും ചെയ്തു. ഇന്ത്യയ്ക്ക് ജയിക്കാമായിരുന്ന മത്സരമാണ് ഗോളിയുടെ പിഴവുമൂലം സമനിലയാക്കേണ്ടിവന്നത്.