നവംബർ 22നു തുടങ്ങുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ നായകൻ രോഹിത് ശർമ്മ ഉണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിൽക്കുന്ന രോഹിത് ശർമ്മ ഡിസംബർ 6നു അഡ്ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരും.
ആദ്യ ടെസ്റ്റിന് ഉണ്ടാകില്ലെന്ന് മുൻകൂട്ടി സെക്ടർമാരെ അറിയിച്ചിരുന്ന രോഹിത് ശർമ്മ കുഞ്ഞു നേരത്തെ ജനിക്കുന്നപക്ഷം ആദ്യ ടെസ്റ്റിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. രോഹിത്തിനും ഭാര്യ റിതികയ്ക്കും വെള്ളിയാഴ്ച കുഞ്ഞു പിറന്നുവെങ്കിലും, രണ്ടാം ടെസ്റ്റിന് മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന രണ്ടു ദിവസത്തെ പിങ്ക് ബോൾ പരിശീലന മത്സരത്തിൽ ടീമിനൊപ്പം താൻ ചേരുമെന്ന് രോഹിത് ബി സി സി ഐ യെ അറിയിച്ചു.
രോഹിത്തിൻ്റെ അഭാവത്തിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനും പേസ് സെൻസേഷനുമായ ജസ്പ്രീത് ബുംറയായിരിക്കും പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ടീമിനെ നയിക്കുക. മുൻപ് രോഹിത് ശർമ്മ കോവിഡ് മൂലം കളിക്കാതിരുന്ന ടെസ്റ്റിൽ ബുംറ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
രോഹിത് ശർമ്മ കളിക്കില്ലെന്നു ഉറപ്പായതോടെ ആദ്യ പതിനൊന്നിൽ ഉറപ്പായും ഉണ്ടാകുമെന്നുറപ്പിച്ച രണ്ടു പേർ ആദ്യ ടെസ്റ്റ് കളിക്കില്ല. രോഹിത് ശർമ്മയും, വിരലിനു പരിക്കേറ്റ ഗില്ലും. ഇതോടെ ഓപ്പണർമാരായി പരിഗണിച്ചിരുന്ന കെ എൽ രാഹുലും അഭിമന്യു ഈശ്വറും ഒരുമിച്ച് കളിക്കാനുള്ള സാധ്യതയേറി, ഒരാൾ ഓപ്പണറായും, മറ്റെയാൾ മധ്യനിരയിലും.
ഒന്നാം ടെസ്റ്റിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീം കോമ്പിനേഷൻ ഇപ്പോഴും ഉറപ്പിക്കാനാകാത്തത് മാനേജ്മെൻ്റിന് തലവേദനയാണ്. രോഹിത്തിൻ്റെ അഭാവത്തിൽ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടറെ കളിപ്പിക്കുന്നതിനെ ടീം ആലോചിക്കുന്നതായാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ ഇതുവരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാത്ത നിതീഷ് കുമാർ റെഡ്ഡിയോ ഹർഷിത് റാണയോ ആദ്യ ടെസ്റ്റിൽ കളിക്കാനും സാധ്യതയുണ്ട്. ടീം കോമ്പിനേഷൻ ശരിയാക്കാൻ ഗംഭീറും സംഘവും തലപുകയ്ക്കുകയാണ്.