പ്രീമിയർ ലീഗിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രണ്ടു ഗോളിൻ്റെ വിജയം. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി വിജയിക്കാനാകാതെ സിറ്റി പൂർത്തിയാക്കുന്ന ഏഴാം മത്സരമാണ് ഇന്നത്തേത്, പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം തോൽവിയും. ഈ ജയത്തോടെ ലിവർപൂൾ സിറ്റിയുമായുള്ള അകലം 11 പോയിൻ്റാക്കി. സിറ്റയാകട്ടെ രണ്ടാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി മുഴുവനായും ലിവർപൂളിൻ്റെ നിയന്ത്രണത്തിലായിരുന്നു. ലിവർപൂൾ തുടർച്ചയായി സിറ്റി ഗോൾമുഖത്തേക്ക് ആക്രമണം കെട്ടഴിച്ചുവിട്ടു. സിറ്റിയാകട്ടെ ഒരു ശരാശരി ടീമിനെപോലെ പിഴവുകൾ വരുത്തികൊണ്ടേയിരുന്നു. പലപ്പോഴും സിറ്റി ഡിഫെൻസ് സ്വന്തം ഹാഫിൽവെച്ച് ലിവർപൂളിൻ്റെ പ്രെസ്സിങ്ങിനു വഴങ്ങി ബോൾ നഷ്ടപ്പെടുത്തിക്കൊണ്ടേയിരുന്നു. ലിവർപൂൾ ഹാഫിൽ നിന്ന് അലക്സാണ്ടർ അർണോൾഡ് നൽകിയ പന്ത് സിറ്റി ബോക്സിനു പുറത്തു സ്വീകരിച്ച മോ സാല പന്ത് സിറ്റി ഡിഫെൻസിന് ഇടയിലൂടെ സ്‌ട്രൈക്കർ കോടി ഗാക്പോയ്ക്കു മറിക്കുന്നു. വെറുതെ ബോൾ ഗോളിലേക്ക് തട്ടിഇടേണ്ട കാര്യം മാത്രമേ ഗാക്പോയ്ക്കു ഉണ്ടായിരുന്നുള്ളു. മത്സരത്തിൻ്റെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ ലിവർപൂൾ ഒരു ഗോളിന് മുന്നിലെത്തി. പിന്നെയും തുടർച്ചയായി ആക്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിപ്പിച്ചു. ആകെ ഒരു ഷോട്ടാണ് സിറ്റി ആദ്യ ഹാഫിൽ ലിവർപൂൾ ഗോൾമുഖത്തേക്ക് അടിച്ചത്.
രണ്ടാം പകുതിയിൽ തങ്ങളുടെ സ്വതസിദ്ധമായ പൊസഷൻ ഫുട്ബാൾ കളിയ്ക്കാൻ തുടങ്ങിയതോടെ സിറ്റി പതിയെ താളം കണ്ടെത്തി. രണ്ടാം പകുതിയിൽ 75% സമയവും ബോൾ സിറ്റിയുടെ കൈവശമായിരുന്നു.എന്നിരുന്നാൽപ്പോലും ഗോൾ മാത്രം കണ്ടെത്താൻ സിറ്റിക്കായില്ല. അതിനിടയിൽ സിറ്റി ഡിഫെൻസിൽനിന്ന് നേടിയെടുത്ത ബോളുമായ് കുതിച്ച ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിനു റഫറി ലിവർപൂളിന് അനൂകൂലമായ പെനാൽറ്റി വിധിച്ചു. പെനാൽറ്റിയെടുത്ത സാലയ്ക്കു പിഴച്ചില്ല, സ്കോർ 2-0. ഒടുവിൽ അതെ സ്കോറിന് ലിവർപൂൾ വിജയിക്കുകയും ചെയ്തു. മത്സരത്തിലുടനീളം കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ലിവർപൂൾ വലിയ മാർജിനിൽ വിജയിച്ചേനെ.