തുടർച്ചയായ നാല് പരാജയങ്ങൾ, കോച്ച് പെപ് ഗാർഡിയോളയ്ക്ക് ഇങ്ങനെ ഒരു സ്ഥിതി കരിയറിൽ വരുന്നത് ഇതാദ്യം. ഇ എഫ് എൽ കപ്പിൽ ടോട്ടൻഹാംമിനോട് തോറ്റ സിറ്റി പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. ബൗൺമൗത്ത്, സ്പോർട്ടിങ് സി പി, ബ്രൈറ്റൻ എന്നിവരാണ് സിറ്റിയെ പരാജയപ്പെടുത്തിയ മറ്റു ടീമുകൾ. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള അവസാനിപ്പിച്ചു ഈ ആഴ്ച്ച വീണ്ടും ക്ലബ് ഫുട്ബോൾ മത്സരങ്ങൾ സജീവമാകും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയ്ക്ക് നേരിടാനുള്ളത് തങ്ങളുടെ തോൽവി പരമ്പരയ്ക്കു തുടക്കം കുറിച്ച ടോട്ടൻഹാമിനെയാണ്. സ്വന്തം കാണികളുടെ മുൻപിലാണ് മത്സരമെന്നത് സിറ്റിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ഇനി ഒരു തോൽവി പെപ്പിനും ടീമിനും ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
ടോട്ടൻഹാമായിട്ടുള്ള സിറ്റിയുടെ മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, സിറ്റിയ്ക്കു അത്ര നല്ല റെക്കോർഡല്ല ഉള്ളത്. അവസാന 10 മത്സരങ്ങൾ നോക്കിയാൽ സിറ്റിക്ക് മൂന്നു തവണ മാത്രമാണ് ടോട്ടൻഹാമിനെ പരാജയപ്പെടുത്താനായത്. പരിക്കേറ്റ റോഡ്രിയുടെ അഭാവം സിറ്റയെ വല്ലാതെ ബാധിക്കുന്നുണ്ട്. എന്നാൽ ടോട്ടൻഹാമിനും കാര്യങ്ങൾ അത്ര നല്ലതല്ല. അവസാനം കളിച്ച 10 എവേ മത്സരങ്ങളിൽ, രണ്ടെണ്ണം മാത്രമാണ് അവർ ജയിച്ചത്.
വിജയത്തിൽ കുറഞ്ഞൊന്നും രണ്ടു ടീമുകളെയും തൃപ്തിപ്പെടുത്തില്ലെന്നതുകൊണ്ടു ഇവരുടെ മത്സരം തീ പാറുമെന്നുറപ്പ്. ശനിയാഴ്ച് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം.